പറവൂർ : പ്രതിദിനം ആയിരക്കണക്കിന് രോഗികളെത്തുന്ന താലൂക്ക് ഗവ. ആശുപത്രിയിൽ ഒപി സംവിധാനം നിലച്ചതിനാൽ നൂറുകണക്കിനു രോഗികൾ ക്യൂവിൽ നിന്ന് വലഞ്ഞു. കൂടുതൽ രോഗികളെത്തുന്ന തിങ്കളാഴ്ചയാണ് ഇത്തരത്തിൽ രോഗികൾക്ക് ക്ലേശമുണ്ടായത്. കമ്പ്യൂട്ടറിൽ വന്ന തകരാറാണ് കാരണമെന്നു പറയുന്നു. ആശുപത്രിയിൽ ഉണ്ടായതായ സാമ്പത്തിക ക്രമക്കേടിനെ തുടർന്ന് ഹാർഡ് ഡിസ്‌ക് ഉൾപ്പെടെയുള്ളവ പരിശോധനയ്ക്ക് കൊണ്ടുപോയിട്ടുണ്ട്. ആശുപത്രിയിലെ ഫാർമസിയും പ്രവർത്തനരഹിതമാണെന്ന് രോഗികൾ പരാതിപ്പെട്ടു.
താത്കാലിക ജീവനക്കാരി സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് പരാതി
താലൂക്ക് ആശുപത്രിയിൽ ഗൂഗിൾ പേ ഉപയോഗിച്ചും ഒരു താൽക്കാലിക ജീവനക്കാരി സാമ്പത്തിക ക്രമക്കേട് നടത്തിയതായി പരാതി. ഒപിയിലെയും ലബോറട്ടറിയിലെയും ചില താൽക്കാലിക ജീവനക്കാർ ചേർന്ന് 8 മാസത്തിനിടെ 6 ലക്ഷം രൂപയിലേറെ രൂപ തട്ടിയെടുത്തതായി നേരത്തെ കണ്ടെത്തിയിരുന്നു. രോഗികളിൽ നിന്നു പണം സ്വീകരിച്ച് രസീത് നൽകിയ ശേഷം കമ്പ്യൂട്ടറിൽ നിന്ന് രസീതുകൾ ഡിലീറ്റ് ചെയ്തായിരുന്നു തട്ടിപ്പ്. ഇതിനു പുറമേയാണ് ഒരു താൽക്കാലിക ജീവനക്കാരി തന്റെ സ്വന്തം അക്കൗണ്ടിലേക്ക് 600 രൂപ കെടാമംഗലം സ്വദേശിനിയായ രോഗിയിൽ നിന്നു രക്തപരിശോധനയുടെ തുക ഗൂഗിൾ പേ വഴി വാങ്ങിയെന്ന പരാതി ഉയർന്നത്. ഗുരുതരമായ ക്രമക്കേടുണ്ടായിട്ടും ജീവനക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് നഗരസഭയും ആശുപത്രി അധികൃതരും സ്വീകരിക്കുന്നതെന്നും സംഭവം നടന്ന് രണ്ടാഴ്ച്ച ചിന്നിട്ടിട്ടും എച്ച്എംസി കൂടി ക്രമക്കേട് നടത്തിയവരെ ജോലിയിൽ നിന്നു മാറ്റി നിർത്താനുള്ള നടപടി പോലും സ്വീകരിച്ചില്ലെന്ന് നഗരസഭ പ്രതിപക്ഷനേതാവ് ടി.വി. നിഥിൻ പറഞ്ഞു.

