പറവൂർ : സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ തിരഞ്ഞെടുപ്പു വിജ്ഞാപനവും തീയതിയും ഉൾപ്പെടെ പ്രഖ്യാപിച്ചതോടെ നഗരസഭയിൽ മൂന്നു മുന്നണികളും സ്ഥാനാർഥി നിർണയത്തിന്റെ അവസാന ഘട്ടത്തിലെത്തി. തുടർച്ചയായി യുഡിഎഫ് ഭരണമുള്ള നഗരസഭയിൽ ഭരണം നിലനിർത്താനുള്ള ഒരുക്കത്തിലാണ് യുഡിഎഫ്. എന്നാൽ പിടിപ്പുകേടുകൾ നിരത്തി ഭരണം പിടിച്ചടക്കാനുള്ള തന്ത്രങ്ങൾ മെനയുകയാണ് എൽഡിഎഫ്. നിലവിലുള്ളതിനേക്കാൾ കൂടുതൽ സീറ്റ് നേടാൻ ബിജെപിയും ഒരുക്കങ്ങൾ ശക്തമാക്കി.
യുഡിഎഫും എൽഡിഎഫും രണ്ടുതവണ വീതവും ബിജെപി ഒരു തവണയും തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിനു മുൻപേ നഗരത്തിൽ ഭവന സന്ദർശനം നടത്തിക്കഴിഞ്ഞു. സ്ഥാനാർഥികളെ എത്രയുംവേഗം പ്രഖ്യാപിക്കാനുള്ള ശ്രമത്തിലാണ് മൂന്നു മുന്നണികളും. 29 വാർഡുകളുണ്ടായിരുന്നത് ഇത്തവണ 30 വാർഡുകളായി വർധിച്ചിട്ടുണ്ട്.
എല്ലാ വാർഡിലും സ്വന്തം സ്ഥാനാർഥികളുമായി കോൺഗ്രസ്
ഘടകകക്ഷികൾക്ക് സീറ്റുകൾ നൽകാതെ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുന്ന കീഴ്‌വഴക്കമാണ് പറവൂരിലേത്. ഇത്തവണയും അത്തരത്തിൽ 30 സ്ഥാനാർഥികളും പാർട്ടി ചിഹ്നത്തിലായിരിക്കും മത്സരിക്കുക. 25 സീറ്റുകളിൽ സ്ഥാനാർഥി നിർണയം പൂർത്തിയായിട്ടുണ്ടെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഡെന്നി തോമസ് പറഞ്ഞു.
നിലവിലുള്ള ചെയർപേഴ്‌സൺ ബീനാ ശശിധരൻ, ചെയർമാൻ പദവി അലങ്കരിച്ചിട്ടുള്ള രമേഷ് ഡി. കുറുപ്പ്, വി.എ. പ്രഭാവതി, ഡി. രാജ്കുമാർ, പ്രദീപ് തോപ്പിൽ എന്നിവർ ഇത്തവണയും മത്സരരംഗത്തുണ്ടാകുമെന്നാണ് അറിവ്. വൈസ് ചെയർമാൻ എം.ജെ. രാജുവും സ്ഥാനാർഥിയാകും.
നിലവിലുള്ള കൗൺസിലർമാരിൽ അനു വട്ടത്തറ, വനജാ ശശികുമാർ, അബ്ദുൾസലാം, ജഹാംഗീർ തോപ്പിൽ എന്നിവർ ഇപ്പോഴത്തെ ലിസ്റ്റ് പ്രകാരം മത്സരരംഗത്തുണ്ടാകില്ല. നിലവിലുള്ള കൗൺസിലർമാരിൽ സജി നമ്പിയത്ത്, ലിജി ലൈഗോഷ്, ലൈജി ബിജു, പി.ഡി. സുകുമാരി, ഗീതാ ബാബു എന്നിവർ മത്സരിക്കുന്നുണ്ട്. മുൻ കൗൺസിലറും മണ്ഡലം പ്രസിഡന്റുമായ ഡെന്നി തോമസും സ്ഥാനാർഥിയാണ്. പുതുമുഖങ്ങൾ എട്ടോളം പേരുണ്ടാകും. റിട്ട. ഡെപ്യൂട്ടി തഹസിൽദാർ എം. കുട്ടപ്പൻ, റിട്ട. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥൻ എം.ജി. ആന്റണി, സംഗീത, ഓമനാ സെൽവൻ, സുധീഷ്, ഗിരീഷ്, രജിതാ ഉണ്ണികൃഷ്ണൻ എന്നിവർ സ്ഥാനാർഥി പട്ടികയിലുണ്ട്. അജിതാ ഗോപാലൻ, രാജേഷ് പുക്കാടൻ എന്നിവരും പട്ടികയിൽ ഇടംനേടിയിട്ടുണ്ട്. സ്ഥാനാർഥി പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഡെന്നി തോമസ് പറഞ്ഞു.
എൽഡിഎഫ് സ്ഥാനാർഥികളിൽ മുൻ മന്ത്രി എസ്. ശർമയുടെ ഭാര്യയും ?
നഗരസഭയിലെ ഇടതുമുന്നണി സ്ഥാനാർഥികളെ 13-നുള്ളിൽ പ്രഖ്യാപിക്കുമെന്ന് നഗരസഭാ പ്രതിപക്ഷ നേതാവ് ടി.വി. നിഥിൻ സൂചന നൽകി. അന്തിമലിസ്റ്റ് തയ്യാറാക്കുന്നത് അവസാനഘട്ടത്തിലാണ്. 30 സീറ്റിൽ 21 എണ്ണം സിപിഎമ്മിനും ഏഴെണ്ണം സിപിഐക്കും ഒന്നുവീതം കോൺഗ്രസ്(എസ്)നും കേരള കോൺഗ്രസ് മാണിക്കും ധാരണയായിട്ടുണ്ട്. മത്സരിക്കുന്ന സ്ഥാനാർഥികളുടെ ഏകദേശ ധാരണയായിട്ടുണ്ടെങ്കിലും ഓരോ വാർഡുകളിലും എതിർ സ്ഥാനാർഥിയെ നോക്കി തന്ത്രപരമായ നീക്കത്തിലൂടെ മത്സരിക്കുന്നവർ മാറിമറിയാൻ ഇടയുണ്ട്.
മുൻ മന്ത്രി എസ്. ശർമയുടെ ഭാര്യയും റിട്ട. കെഎസ്ഇബി എക്സിക്യുട്ടീവ് എൻജിനിയറുമായ ആശ, മുൻ ഡെപ്യൂട്ടി കളക്ടർ സന്ധ്യാദേവി അനിൽ, എറണാകുളം ലോക്‌സഭാ മണ്ഡലത്തിൽ മത്സരിച്ച സിപിഎം വനിതാ നേതാവ് കെ.ജെ. ഷൈൻ എന്നിവരുടെ പേരും ചർച്ചയിലുണ്ട്.
ഏരിയ സെക്രട്ടറികൂടിയായ നഗരസഭാ പ്രതിപക്ഷ നേതാവ് ടി.വി. നിഥിനും അവസാനഘട്ടം മത്സരരംഗത്തുണ്ടാകാൻ സാധ്യതയില്ലാതില്ല. സിപിഐ നേതാവും മുൻ നഗരസഭാ വൈസ് ചെയർമാനുമായ കെ. സുധാകരൻപിള്ള സ്ഥാനാർഥിയാകും. മാണി വിഭാഗത്തിലും കോൺഗ്രസ്-എസിലും നൽകിയിട്ടുള്ളത് വനിതാ സീറ്റുകളാണ്.
എൻഡിഎ സ്ഥാനാർഥി നിർണയവും അന്തിമഘട്ടത്തിൽ
നിലവിലെ കൗൺസിലിൽ മുന്നംഗങ്ങളുള്ള ബിജെപി, എൻഡിഎ മുന്നണിയും സ്ഥാനാർഥികളുടെ അന്തിമപട്ടിക തയ്യാറാക്കിക്കഴിഞ്ഞു. കോർ കമ്മിറ്റി കൂടിയ ശേഷമേ ഇവ പുറത്തുവിടൂ. പാർട്ടി നിർദേശമനുസരിച്ച് 30 വാർഡുകളിലും സ്ഥാനാർഥികളെ നിർത്തി ശക്തി തെളിയിക്കാനാണ് അവരുടെ നീക്കം.

