വരാപ്പുഴ : വിനോദസഞ്ചാരികൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾ വന്നുപോകുന്ന കടമക്കുടിയിൽ പ്രധാന റോഡിൽ രൂപപ്പെട്ടിട്ടുള്ള ആഴമേറിയ കുഴി അപകടം ക്ഷണിച്ചുവരുത്തുന്നു.
കടമക്കുടി പുതുശ്ശേരി പാലത്തിനും കള്ളുഷാപ്പിനും ഇടയിലാണ് വൻകുഴി രൂപപ്പെട്ടിട്ടുള്ളത്. പുലർച്ചെ കടമക്കുടി റോഡിലൂടെ നടക്കാനിറങ്ങുന്നവർ ബോർഡും കുറ്റിയുമൊക്കെ വെച്ച് കുഴി മറയ്ക്കാൻ ശ്രമിച്ചെങ്കിലും ഇതിലൂടെ വരുന്ന വലിയ വാഹനങ്ങൾ അത് എടുത്തുമാറ്റും. കുഴിയിൽ വീണ് എപ്പോൾ വേണമെങ്കിലും അപകടമുണ്ടാകാം എന്ന നിലയാണുള്ളത്. മൂന്നാഴ്ചയിലേറെയായി കുഴി രൂപപ്പെട്ടിട്ട്.
ഒട്ടേറെ ബൈക്ക് യാത്രികരും വിദ്യാർഥികൾ ഉൾപ്പെടെയുള്ള കാൽനടയാത്രികരും കടന്നുപോകുന്ന റോഡിൽ അപകടം പതിയിരിക്കുകയാണ്. ഒരുകോടി രൂപയിലേറെ ചെലവഴിച്ചാണ് കടമക്കുടി-വരാപ്പുഴ റോഡിന്റെ നവീകരണം പൂർത്തിയാക്കിയത്. അടുത്തയിടെ പാതയോരത്തുള്ള മരങ്ങൾ അപകടങ്ങൾക്ക് കാരണമാകുമെന്നു പറഞ്ഞ് പൊതുമരാമത്ത് വകുപ്പ് വെട്ടിമാറ്റുന്നത് വിവാദമായിരുന്നു. എന്നാൽ ഏറെ അപകടസാധ്യതയുള്ള റോഡിലെ കുഴിയടയ്ക്കാത്തതിനെതിരേ വ്യാപകമായ പ്രതിഷേധമാണുള്ളത്.

