പറവൂർ; കെടാമംഗലം ഇല്ലത്തുപറമ്പിൽ തറവാട്ടിൽ സിപിഐ എം പറവൂർ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച സി എച്ച് കണാരൻ അനുസ്മരണ സമ്മേളനത്തിൽ സതി സത്യദേവനെ ആദരിച്ചു. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സി എൻ മോഹനൻ മംഗളപത്രം നൽകി. അടിയന്തരാവസ്ഥയുടെ ഭീകരനാളുകളിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി യോഗം ചേരാൻ സതി സത്യദേവന്റെ വീട്ടിലാണ് സൗകര്യമൊരുക്കിയത്. ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് സാമൂഹ്യക്ഷേമ പെൻഷൻ ഇനിയും വർധിപ്പിക്കുമെന്ന് സി എൻ മോഹനൻ പറഞ്ഞു. തെരഞ്ഞെടുപ്പുകാലത്ത് സർക്കാരിനും പാർടിക്കുമെതിരെ നുണകളുടെ പെരുമഴക്കാലമാകും പ്രതിപക്ഷനതാവ് സതീശന്റെ നേതൃത്വത്തിൽ ഉണ്ടാകുക. കേരളത്തിൽ മൂന്നാമതും എൽഡിഎഫ് സർക്കാർ വരുമെന്ന കാര്യം യുഡിഎഫ് ഘടകകക്ഷികൾപോലും ഉറപ്പിച്ച സാഹചര്യമാണെന്നും സി എൻ മോഹനൻ പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം എസ് ശർമ അധ്യക്ഷനായി. ഡോ. രാജനെ ആദരിച്ചു. ഏരിയ സെക്രട്ടറി ടി വി നിധിൻ, ജില്ലാ കമ്മിറ്റി അംഗം പി എസ് ഷൈല, ടി ആർ ബോസ്, എം ബി സ്യമന്തഭദ്രൻ, ഡോ. കെ വി കുഞ്ഞിക്കൃഷ്ണൻ, കെ എൻ വിനോദ് എന്നിവർ സംസാരിച്ചു. കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറി പാട്ടുമാടം കലാകാരി നന്ദയുടെ വിപ്ലവഗാനാവതരണവും നടന്നു.

