പറവൂർ; ചിറ്റാറ്റുകര പഞ്ചായത്ത് ഓഫീസിനായി നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ കല്ലിടൽ ചൊവ്വ പകൽ 12ന് മന്ത്രി പി രാജീവ് നിർവഹിക്കുമെന്ന് പഞ്ചായത്ത് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിലവിലെ പഞ്ചായത്ത് ഓഫീസിനോട് ചേർന്നുള്ള സ്ഥലത്ത് 9,400 ചതുരശ്രയടിയിൽ മൂന്ന് നിലകളിലായാണ് ആധുനിക സൗകര്യങ്ങളോടെ കെട്ടിടം നിർമിക്കുന്നത്. പറവൂർ വടക്കേക്കര സഹകരണ ബാങ്കിൽ നടക്കുന്ന സമ്മേളനത്തിൽ പ്രതിപക്ഷനേതാവ് വി ഡി സതീശൻ അധ്യക്ഷനാകും. നെറ്റ് സീറോ കാർബൺ പദ്ധതിയുടെ വിശദ പദ്ധതി റിപ്പോർട്ട് (ഡിപിആർ) കൈമാറലും അഞ്ചുവർഷത്തെ പഞ്ചായത്ത് ഭരണത്തിന്റെ വികസനരേഖ പ്രകാശിപ്പിക്കലും നടക്കും. പഞ്ചായത്ത് നടപ്പാക്കുന്ന 24 x 7 ഓട്ടോ ആർമി പദ്ധതിക്കും തുടക്കമാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ, വൈസ് പ്രസിഡന്റ് പി പി അരൂഷ്, സ്ഥിരംസമിതി അധ്യക്ഷരായ വി എ താജുദീൻ, സമീറ ഉണ്ണിക്കൃഷ്‌ണൻ എന്നിവർ പറഞ്ഞു. കഴിഞ്ഞ യുഡിഎഫ് ഭരണസമിതിയുടെ അവസാന നാളുകളിൽ നിലം കാറ്റഗറിയിൽപ്പെട്ട ഭൂമിയിൽ പുതിയ ഓഫീസിന് തറക്കല്ലിട്ടിരുന്നു. കെട്ടിടത്തിന്റെ പ്ലാനിലും ഭൂമിസംബന്ധമായ രേഖകളിലും പ്രശ്നങ്ങളുള്ളതിനാൽ നിർമാണം തുടങ്ങാനായില്ല. എൽഡിഎഫ് ഭരണസമിതി ഇൗ ഭൂമി തരംമാറ്റി പ്ലാനിൽ ഭേദഗതി വരുത്തിയാണ് 1.50 കോടി ചെലവിൽ പുതിയ കെട്ടിടം നിർമിക്കുന്നത്.

