ചിറ്റാറ്റുകരയെ ചെത്തിമിനുക്കി പഞ്ചായത്ത്‌ ഭരണം,സ്വപ്ന പദ്ധതിക്ക് തറക്കല്ലിട്ട്  ഭരണസമിതി കാലാവധി പൂർത്തിയാക്കും

0
11
പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ

പറവൂർ: പുതിയ പഞ്ചായത്ത് കെട്ടിടം എന്ന സ്വപ്ന പദ്ധതിക്ക് തറക്കല്ലിടാൻ ഒരുങ്ങുകയാണ് ചിറ്റാറ്റുകര പഞ്ചായത്ത്. ഒന്നര കോടി രൂപ ചിലവിൽ നിർമിക്കുന്ന കെട്ടിടത്തിന്റെ തറക്കല്ലിടൽ ഈ മാസം അവസാനം നടക്കും. തരം മാറ്റൽ ഒന്നും തന്നെ നടത്താതെയാണ് കഴിഞ്ഞ ഭരണസമിതി പ്രൊപോസൽ ഉൾപ്പെടെ ഉള്ള കാര്യങ്ങൾ ചെയ്തിരുന്നത്. അതിനാൽ തന്നെ ഉദ്യോഗസ്ഥർ അത് നിർത്തി വയ്ക്കുന്ന സാഹചര്യം ഉണ്ടായി. തരം മാറ്റൽ ഉൾപ്പെടെ എല്ലാം പൂർത്തീകരിച്ച് തറക്കല്ലിടാൻ പഞ്ചായത്ത് ഒരുങ്ങിക്കഴിഞ്ഞു എന്ന് പഞ്ചായത് പ്രസിഡന്റ്  ശാന്തിനി ഗോപകുമാർ പറവൂർ ഓൺലൈൻ ന്യൂസിനോട് പറഞ്ഞു.

‘നെറ്റ് സീറോ കാർബൺ കേരള’ പ്രോഗ്രാമിന്റെ ഭാഗമായി ഹരിത കേരളം മിഷൻ നടത്തുന്ന പരിപാടിയുടെ ഭാഗമായി കാർബൺ ബഹിർഗമനവും ആഗിരണവും സന്തുലിതമാക്കുന്നതിനായി വിവിധ മേഖലകളിൽ ഏകദേശം മുപ്പതോളം പദ്ധതികൾ നടത്തി വരുന്ന പഞ്ചായത്താണ്‌ ചിറ്റാറ്റുകര. വനവൽക്കരണത്തിനായി “ഭാവിക്കൊരു കുടമരം”, “ചക്ക ഗ്രാമം”, “അഗ്രി ന്യൂട്രി ഗാർഡൻ”, “മരത്തണലിൽ ഇത്തിരി നേരം” കൂടാതെ ഭക്ഷ്യസുരക്ഷ മെച്ചപ്പെടുത്തുന്നതിനും ഭക്ഷ്യഗതാഗതവുമായി ബന്ധപ്പെട്ട കാർബൺ എമിഷൻ കുറയ്ക്കുന്നതിനും ഫലവൃക്ഷങ്ങളും പച്ചക്കറികളും നട്ടുപിടിപ്പിക്കാൻ പ്രോത്സാഹിപ്പിക്കുന്ന സുസ്ഥിര കൃഷി, പ്രാദേശിക കണ്ടൽക്കാടുകളും തണ്ണീർത്തടങ്ങളും ഉൾപ്പെടെയുള്ള ആവാസവ്യവസ്ഥയുടെ സംരക്ഷണം, പാരിസ്ഥിതികവും സാമ്പത്തികവുമായ ലക്ഷ്യങ്ങൾ സംയോജിപ്പിച്ച് മുസിരിസ് പൈതൃക ടൂറിസം പദ്ധതിയുമായി ബന്ധിപ്പിക്കുന്ന ഒരു ഔഷധ ഉദ്യാനം, താമരപ്പൂക്കൾ വളർത്തൽ തുടങ്ങിയവയും വിജയകരമായി നടത്തി വരുന്നു. റെയിൽവേ സി എസ് ആർ ഫണ്ട് ഉപയോഗിച്ച് ജൈവതാരം പദ്ധതിയും അംഗൻ ജ്യോതി, ഗ്രാമ തീർത്ഥം പദ്ധതികളും നടപ്പിലാക്കുന്നുണ്ട്.

ത്രിതല പഞ്ചായത്ത് സംവിധാനത്തിന്റെ ഫണ്ടുകൾ മികച്ച രീതിയിൽ ഉപയോഗിക്കാൻ പഞ്ചായത്തിന് കഴിയുന്നുണ്ട്. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി 119 വീടുകൾ നിർമാണം പൂർത്തീകരിച്ച് കഴിഞ്ഞു. 34 വീടുകളുടെ പണി നടന്നു കൊണ്ടിരിക്കുന്നു. പഞ്ചായത്തിൽ 30 ലക്ഷം രൂപ ചിലവിൽ നിർമിക്കുന്ന ഹോമിയോ ആശുപത്രി കെട്ടിട നിർമാണോദ്‌ഘാടനവും പതിമൂന്നാം വാർഡിൽ പണി പൂർത്തിയാക്കിയ പകൽ വീടിന്റെ ഉദ്‌ഘാടനവും 47 ലക്ഷം രൂപ ചിലവിൽ നിർമിച്ച പട്ടണം എൽ.പി സ്‌കൂൾ ഓഡിറ്റോറിയത്തിന്റെ ഉദ്‌ഘാടനവും ഈ മാസം അവസാനം നടക്കും.

ബ്ലോക്കിൽ ആദ്യമായി ബേബി ഫ്രണ്ട്‌ലി പെയിന്റ് അടിച്ച് അംഗൻവാടികൾ മനോഹരമാക്കി. കൂടാതെ 7 അംഗൻവാടികൾ സ്മാർട്ട് ആക്കി, 14 എണ്ണം സ്മാർട്ട് ആക്കാനുള്ള പ്രൊജക്റ്റ് നടന്നു കൊണ്ടിരിക്കുന്നു. ‘ഒരു വിള കൃഷി’ പദ്ധതി ജില്ലയിൽ ആദ്യമായി നടപ്പിലാക്കി അധിക വിളകൾ വിൽക്കാൻ  ‘സുഫലം’ എന്ന പേരിൽ മാർക്കറ്റും സ്ഥാപിച്ചു. കാഷ്യു ടെവലപ്മെന്റ് കോർപ്പറേഷനുമായി ചേർന്ന് 4500 തൈകൾ വിതരണം ചെയ്തു. മൃഗ പരിപാലന മേഖലയിൽ ‘ക്ഷീര സാഗര ഗ്രാമം’ പദ്ധതി നടപ്പിൽ വരുത്തി.

ഫിഷറീസ് മേഖലയിൽ അറുപതോളം വഞ്ചികൾ നല്കാൻ തീരുമാനമായി. 18 എണ്ണം നിലവിൽ നൽകി കഴിഞ്ഞു.നിരവധി നൂതനമായ പ്രൊജെക്ടുകൾ നടപ്പിൽ വരുത്തി വിജയകരമായി കാലയളവ്‌ പൂർത്തിയാക്കാൻ ഒരുങ്ങുകയാണ് നിലവിലെ ഭരണ സമിതി. ഭരണസമിതിയുടെ തുടർച്ച തന്നെയായിരിക്കും സംതൃപ്തിയോടെ ജനങ്ങൾ വീണ്ടും സമ്മാനിക്കുകയെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here