പറവൂർ : തന്ത്രശാസ്ത്ര ജ്യോതിശ്ശാസ്ത്ര മണ്ഡലത്തിൽ നിറസാന്നിധ്യമായിരുന്ന പറവൂർ ശ്രീധരൻ തന്ത്രിയുടെ ജന്മശതാബ്ദി ആഘോഷം ശ്രീനാരായണ താന്ത്രിക ഗവേഷണ വിദ്യാപീഠത്തിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച നടക്കും. രാവിലെ 9.30 ന് കേസരി റോഡിലുള്ള ശ്രീധരൻ തന്ത്രി സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന, അനുസ്മരണം, 10.30 ന് പിഡബ്ല്യുഡി റെസ്റ്റ് ഹൗസ് ഹാളിൽ തന്ത്രശാസ്ത്ര സദസ്സും താന്ത്രികപ്രതിഭകളെ ആദരിക്കലും നടക്കും. ഗുരുവായൂർ ക്ഷേത്രംതന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ താന്ത്രിക ഗവേഷണ വിദ്യാപീഠം ചെയർമാൻ പറവൂർ രാകേഷ് തന്ത്രി അധ്യക്ഷനാകും.
ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠം പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണൻനമ്പൂതിരി നവീകരണകലശവും പ്രതിഷ്ഠയും എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിക്കും. തന്ത്രി വേഴപ്പറമ്പ് ചിത്രഭാനുനമ്പൂതിരിപ്പാട്, ഓതിക്കൻ തോട്ടൈകാട്ട് കൃഷ്ണൻനമ്പൂതിരി, അഴകത്ത് പരമേശ്വരൻ നമ്പൂതിരിപ്പാട്, തങ്കപ്പൻശാന്തി, കരുണാകരൻശാന്തി, സുരേഷ്‌ശാന്തി, ഉണ്ണികൃഷ്ണൻശാന്തി എന്നിവരെ ആദരിക്കും. ഇരുനൂറോളം ക്ഷേത്രങ്ങളിൽ തന്ത്രിസ്ഥാനം വഹിച്ചിരുന്ന പറവൂർ ശ്രീധരൻ തന്ത്രി ശിവഗിരി മഹാസമാധിയിലെ ഗുരുദേവ പ്രതിഷ്ഠയ്ക്കും കോഴിക്കോട് ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിലെ കോടിയർച്ചനയ്ക്കും മുഖ്യകാർമികനായിരുന്നു.

