പറവൂര്‍ ; സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടം നടന്ന പാലിയത്തിന്റെ മണ്ണിൽ, ചേന്ദമംഗലത്തിന്റെ സ്വന്തം കഥാകാരൻ സേതുവിന് ആദരമായി ഇനി ‘സേതുപദ’വും. ചരിത്രവും പോരാട്ടവീര്യവും കഥകളും ഉറങ്ങുന്ന പാലിയം നടയിലെ മാറ്റപ്പാടം എന്നു പേരെടുത്ത ഹൈസ്‌കൂള്‍ ഗ്രൗണ്ടിൽ ജില്ലാപഞ്ചായത്ത് അംഗം എ എസ് അനിൽകുമാറിന്റെ മുൻകൈയിലാണ് വ്യത്യസ്തമായ ഈ പ്രവർത്തനം നടന്നത്. തന്നിലെ കഥാകാരന്‍ ജനിച്ചതും പിന്നീട് വായനയുടെ ലോകത്തേക്ക് നയിച്ചതും പാലിയം സ്‌കൂളും ഇവിടത്തെ നായര്‍ സമാജം ലൈബ്രറിയുമാണെന്ന് സേതു തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇവിടെ നേരത്തേ ‘കാണാക്കനി’ എന്ന ശില്‍പ്പം സ്ഥാപിച്ചിരുന്നു. അതിനോടുചേര്‍ന്നാണ് സേതുപദം കെട്ടിയുയര്‍ത്തിയിട്ടുള്ളത്. പ്രഭാതങ്ങളിലും സായാഹ്നങ്ങളിലും ഇവിടെയിരുന്ന് നാട്ടുകാര്‍ക്ക് ഓർമകളും അനുഭവങ്ങളും പങ്കുവയ്ക്കാം. ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തില്‍ രൂപകല്‍പ്പന ചെയ്ത ഭാവനാസാന്ദ്രമായ പദ്ധതിയുടെ സമര്‍പ്പണം ഡോ. സുനില്‍ പി ഇളയിടം നിര്‍വഹിച്ചു. ജില്ലാപഞ്ചായത്ത് അംഗം എ എസ് അനില്‍കുമാര്‍ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ലീന വിശ്വൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എസ് സനീഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി യു ശ്രീജിത്, ബബിത ദിലീപ്, കെ ആര്‍ പ്രേംജി, ഷിപ്പി സെബാസ്റ്റ്യന്‍, ഫസല്‍ റഹ്മാന്‍, ജോര്‍ജ് ബാസ്റ്റിന്‍, സന്തോഷ് കണ്ണന്‍, വി ജി ഗോപകുമാർ എന്നിവര്‍ സംസാരിച്ചു.

