പറവൂർ നഗരസഭയിൽ പാഴായ അഞ്ച് വർഷങ്ങൾ: ഗുരുതരമായ കെടുകാര്യസ്ഥതയെന്ന് പ്രതിപക്ഷം

0
23

പറവൂർ: പറവൂർ നഗരസഭാ ഭരണസമിതി അഞ്ചു വർഷം പൂർത്തിയാക്കുമ്പോൾ, ഭരണനേതൃത്വം സമ്പൂർണ്ണ പരാജയമാണെന്ന് പ്രതിപക്ഷം. കഴിഞ്ഞ അഞ്ചു വർഷങ്ങൾ “പാഴായിപ്പോയ അഞ്ചു വർഷങ്ങൾ” എന്ന് വിശേഷിപ്പിച്ച പ്രതിപക്ഷം, എടുത്തു കാണിക്കാൻ യാതൊരു നേട്ടങ്ങളും ഭരണപക്ഷത്തിനില്ലെന്നും ആരോപിച്ചു. കഴിഞ്ഞ 15 വർഷമായി അധികാരത്തിലിരിക്കുന്ന യുഡിഎഫ്ഭ രണസമിതി അടിസ്ഥാന സൗകര്യ വികസനത്തിലോ നഗരത്തെ കൂടുതൽ ജീവിതയോഗ്യമാക്കുന്നതിലോ മുന്നോട്ട് പോയില്ല.

100 വയസ്സിന് മുകളിൽ പ്രായമുള്ള പറവൂർ നഗരസഭ ഇപ്പോൾ കുഗ്രാമം പോലെയുള്ള ഒരു പ്രതീതിയാണ് ഉണ്ടാക്കുന്നത്. വിശാല കൊച്ചിൻ കോർപ്പറേഷൻ മേഖലയിലെ മറ്റ് പല നഗരസഭകളും ശക്തമായി മുന്നോട്ട് പോകുമ്പോഴും, പറവൂരിന് വികസനത്തിനായി സർക്കാർ നൽകിയ കോടിക്കണക്കിന് രൂപ ഫലപ്രദമായി വിനിയോഗിക്കാൻ ഭരണസമിതിക്ക് സാധിച്ചില്ല.

പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണങ്ങളും വീഴ്ചകളും:

ആസൂത്രണ രംഗത്തെ പരാജയം: നഗരസഭയുടെ വികസനത്തിനായി ആറു-ഏഴു വർഷം മുമ്പ് തയ്യാറാക്കിയ മാസ്റ്റർ പ്ലാനിലെ യാതൊരു പദ്ധതികളും ഇതുവരെ നടപ്പിലാക്കിയിട്ടില്ല.

ഗതാഗത, അടിസ്ഥാന സൗകര്യങ്ങൾ: രൂക്ഷമായ ഗതാഗതക്കുരുക്കും അപകടമരണങ്ങളുമാണ് നഗരം നേരിടുന്ന പ്രധാന വെല്ലുവിളികൾ. ചെയർപേഴ്സൺ അധ്യക്ഷയായ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി കൃത്യമായ ഇടവേളകളിൽ വിളിച്ചു ചേർക്കാറില്ല. ദേശീയപാത 66-ന്റെ വികസനത്തെ തുടർന്ന് എട്ടിലധികം വാർഡുകളിൽ രൂക്ഷമായ വെള്ളക്കെട്ടും ഗതാഗത പ്രശ്നങ്ങളും ഉണ്ടായി. നഗരസഭയുടെ അനാസ്ഥ കാരണം കണക്ടിവിറ്റി നഷ്ടപ്പെട്ട റോഡുകൾ പുനഃസ്ഥാപിക്കാനോ ദേശീയപാത അധികൃതർക്ക് റിപ്പോർട്ട് സമർപ്പിക്കാനോ സാധിച്ചില്ല.

നികുതി പിരിവിലെ കൊള്ളയും അഴിമതിയും: ബി ക്ലാസ് ടൗൺഷിപ്പായ പറവൂരിൽ ചതുരശ്ര അടിക്ക് 16 രൂപയാണ് കെട്ടിട നികുതി ഈടാക്കുന്നത്. സമീപത്തെ മറ്റ് നഗരസഭകളിൽ ഇതിലും ചെറിയ തുകയാണ് നികുതിയായി ഈടാക്കുന്നത്. സർക്കാർ ഉത്തരവ് പ്രകാരം കെട്ടിടനികുതിയിൽ നിന്ന് ഒഴിവാക്കപ്പെട്ട 640 ചതുരശ്ര അടിക്ക് താഴെയുള്ള വീടുകൾ ഉള്ളവരിൽ നിന്ന് പോലും നഗരസഭ സൂത്രത്തിൽ നികുതി ഈടാക്കുന്നു.

വന്‍കിടക്കാരോടുള്ള മൃദുമനോഭാവം: ഒരു വശത്ത് പാവപ്പെട്ടവരെ കൊള്ളയടിക്കുമ്പോൾ, മറുവശത്ത് വൻകിട കെട്ടിടങ്ങൾക്കും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നികുതി കുടിശ്ശിക എഴുതിത്തള്ളിയും കേസുകളിൽ തോറ്റു കൊടുത്തും സംരക്ഷണം നൽകുന്നു.

പൊതുസ്ഥാപനങ്ങളുടെ തകർച്ച: നഗരസഭയുടെ ഉടമസ്ഥതയിലുള്ള ആസ്തികൾ (ഷോപ്പിംഗ് കോംപ്ലക്സുകൾ, സ്റ്റേഡിയം) സംരക്ഷിക്കാൻ സാധിക്കുന്നില്ല. നഗരസഭയുടെ ആധാരങ്ങൾ പോലും കാണാനില്ലെന്ന ഗുരുതരമായ ആരോപണവുമുണ്ട്.

ടൗൺ ഹാൾ: മുനിസിപ്പാലിറ്റി ടൗൺ ശോചനീയമായ അവസ്ഥയിലാണ്. അടുത്തിടെ ഒന്നര കോടി രൂപ ചെലവഴിച്ച് നടത്തിയ അറ്റകുറ്റപ്പണിക്കുശേഷം സീലിംഗ് തകരുകയും ശബ്ദ നിയന്ത്രണ സംവിധാനം പരാജയപ്പെടുകയും ചെയ്തു.

മാലിന്യം, തെരുവുനായ്ക്കൾ: മാലിന്യ സംസ്കരണത്തിന് കൃത്യമായ പദ്ധതിയില്ലാത്തതിനാൽ തെരുവുനായ്ക്കൾ പെരുകി. ഇത് ക്ഷേത്രങ്ങളിലും പള്ളികളിലും സ്കൂളുകളിലും പോകുന്നവർക്ക് പോലും ഭീഷണിയായി.

ലക്ഷങ്ങൾ ചെലവഴിച്ച പല പദ്ധതികളും പാഴായെന്നും “തുഗ്ലക്ക് പരിഷ്കാരങ്ങൾ” എന്ന് വിളിക്കാവുന്ന വീഴ്ചകൾ ഉണ്ടായെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ലിഫ്റ്റില്ലാത്ത ഷോപ്പിംഗ് കോംപ്ലക്സിന്റെ നാലാം നിലയിൽ സ്ത്രീകൾക്കായി നിർമ്മിച്ച ബിസിനസ് സെന്റർ ഇപ്പോൾ പ്രാവുകളുടെ ആവാസ കേന്ദ്രമായി മാറി. തെരുവ് കച്ചവടക്കാർക്കായി പണിത മുസിരിസ് ബസാർ കച്ചവടമില്ലാതെ ഉപേക്ഷിക്കപ്പെട്ടു. അത് ഇപ്പോൾ തെരുവുനായ്ക്കളുടെ ‘ലേബർ റൂം’ ആയി പ്രവർത്തിക്കുന്നു. കോടികൾ മുടക്കി പണിത ഷീ ലോഡ്ജ് ഉദ്ഘാടനം ചെയ്തിട്ടും ഒരു സ്ത്രീക്ക് പോലും താമസിക്കാൻ സാധിക്കാതെ പാഴായി.

ആരോഗ്യ, സാമൂഹ്യ മേഖലയിലും വലിയ വീഴ്ചകളാണ് പ്രതിപക്ഷം ആരോപിക്കുന്നത്. താലൂക്ക് ആശുപത്രിയിൽ പീഡിയാട്രിക് ഐസിയു ഇല്ല, അനസ്തേഷ്യ ഡോക്ടറില്ലാത്തതിനാൽ സർജറികൾ മുടങ്ങുന്നു, ഡയാലിസിസ് മെഷീനുകൾ സ്ഥാപിക്കാൻ സ്ഥലമില്ല. ആശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയർത്താൻ ശ്രമിക്കുന്നില്ല.

രാഷ്ട്രീയ കെടുകാര്യസ്ഥത: 10 വർഷത്തിനിടെ അഞ്ച് ചെയർപേഴ്സൺമാർ മാറിയത് അധികാരക്കൊതി മൂലമാണെന്ന് ആരോപണമുണ്ട്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഒരു സംസ്ഥാന മന്ത്രിയെ പോലും ഔദ്യോഗിക പരിപാടിക്കായി ക്ഷണിക്കാത്തത് സങ്കുചിത രാഷ്ട്രീയ നിലപാടുകൾ മൂലമാണ്. ഇത് പല സംസ്ഥാന പദ്ധതികളും നേടിയെടുക്കുന്നതിൽ നഗരസഭയ്ക്ക് വീഴ്ച വരുത്തി.

പറവൂർ നഗരസഭാ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം എങ്ങനെ ആകരുത് എന്നതിന് ഉദാഹരണമായി മാറിക്കഴിഞ്ഞതായി പ്രതിപക്ഷം പറഞ്ഞു. വിശാല കൊച്ചിയുടെ സാറ്റലൈറ്റ് ടൗൺഷിപ്പായി വികസിക്കേണ്ട പറവൂരിനോട് ഭരണസമിതി കടുത്ത അനീതിയാണ് ചെയ്തതെന്നും പ്രതിപക്ഷം ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here