ഏഴിക്കര : കഴിഞ്ഞ ഭരണകാലയളവിൽ ഏഴിക്കര ഗ്രാമപഞ്ചായത്ത് ആരോഗ്യരംഗം, ശുചിത്വം, അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകളിൽ വലിയ മുന്നേറ്റം കൈവരിച്ചതായി പഞ്ചായത്ത് അധികൃതർ അറിയിച്ചു. ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടെ വീടുകൾ നൽകിയതിലും, വേലിയേറ്റ വെള്ളപ്പൊക്കത്തെ ദുരന്തമായി പ്രഖ്യാപിക്കാനുള്ള നീക്കത്തിലും പഞ്ചായത്ത് സജീവമായി ഇടപെട്ടു.
ആരോഗ്യമേഖലയിലെ ശ്രദ്ധേയമായ നേട്ടങ്ങൾ
കോവിഡ് കാലത്ത് എറണാകുളം ജില്ലയിൽ തന്നെ ഏറ്റവും നല്ല രീതിയിൽ വാക്സിനേഷൻ പ്രവർത്തനങ്ങൾ ഏഴിക്കരയിൽ നടപ്പിലാക്കി. തർക്കങ്ങളോ ബഹളമോ ഇല്ലാതെ പുറത്തുള്ളവർക്ക് വരെ കൃത്യമായി വാക്സിനേഷൻ നൽകാൻ അന്ന് പഞ്ചായത്തിനോട് ചേർന്ന കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് (ഇപ്പോൾ ജനകീയ ആരോഗ്യ കേന്ദ്രം) കഴിഞ്ഞു.
വർഷങ്ങളായി വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ആയുർവേദ ഡിസ്പെൻസറിക്ക് സ്വന്തമായി കെട്ടിടം നിർമ്മിച്ചു. എം.പിയുടെ സഹായത്തോടെ ലഭിച്ച സി.എസ്.ആർ. ഫണ്ടും (ഏകദേശം 50 ലക്ഷം രൂപ) പഞ്ചായത്ത് ഫണ്ടും ഉൾപ്പെടെ 60 ലക്ഷം രൂപ ചിലവാക്കിയാണ് ആയുർവേദ ഡിസ്പെൻസറി പണിതത്.
അടിസ്ഥാന സൗകര്യ വികസനവും ശുചിത്വവും
* ബഡ്‌സ് സ്‌കൂൾ: എം.എൽ.എ.യുടെ ഫണ്ട് ഉപയോഗിച്ച് ഏതാണ്ട് 63 മുതൽ 70 ലക്ഷം രൂപ വരെ ചിലവാക്കി എറണാകുളം ജില്ലയിൽ തന്നെ ഏറ്റവും മികവുറ്റ ഒരു ബഡ്‌സ് സ്‌കൂൾ (സ്പെഷ്യൽ സ്കൂൾ) നിർമ്മിച്ചു. മറ്റ് ജില്ലകളിലെ ബഡ്‌സ് സ്കൂളുകൾ നേരിൽ കണ്ട ശേഷമാണ് എല്ലാ സൗകര്യങ്ങളോടും കൂടിയ ഈ വിദ്യാലയം സ്ഥാപിച്ചത്.
* പാലം: 11-ാം വാർഡിൻ്റെ ഭാഗമായ ലങ്കാ പാലം വളരെ മോശമായ അവസ്ഥയിലായിരുന്നതിനാൽ, എം.എൽ.എയുടെ സഹായത്തോടെ ഇറിഗേഷൻ ഡിപ്പാർട്ട്‌മെൻ്റുമായി ചേർന്ന് ഏറ്റവും നല്ല രീതിയിൽ പാലം നിർമ്മിച്ച് ഗതാഗത സൗകര്യം ഉറപ്പാക്കി.
* ജല-വൈദ്യുത പദ്ധതികൾ: ജലജീവൻ മിഷൻ പദ്ധതി ഉപയോഗിച്ച് കൺസെൻ്റ് കിട്ടാത്തതോ സാങ്കേതിക പ്രശ്നങ്ങളുള്ളതോ ആയ ഒന്നോ രണ്ടോ കുടുംബങ്ങൾ ഒഴികെ മുഴുവൻ കുടുംബങ്ങൾക്കും കുടിവെള്ളം നൽകാൻ ഏഴിക്കര ഗ്രാമപഞ്ചായത്തിന് കഴിഞ്ഞിട്ടുണ്ട്. കൂടാതെ, പഞ്ചായത്തിലെ മുഴുവൻ സ്ട്രീറ്റ് ലൈറ്റുകളും ട്യൂബ് ലൈറ്റുകളും എൽ.ഇ.ഡി. ബൾബുകളിലേക്ക് മാറ്റി സമ്പൂർണ്ണ എൽ.ഇ.ഡി. പഞ്ചായത്തായി. സ്ട്രീറ്റ് ലൈറ്റുകളുടെ മെയിന്റനൻസും മറ്റ് കാര്യങ്ങളും ഒരു പരാതിയുമില്ലാതെ കൃത്യതയോടെ നടക്കുന്നു.
* മാലിന്യ സംസ്കരണം: ശുചിത്വ കേരള മിഷനുമായി ബന്ധപ്പെട്ട് പ്ലാസ്റ്റിക് മാലിന്യം വളരെ കൃത്യമായി ശേഖരിച്ച് ഡിസ്‌പോസ് ചെയ്യുന്നു. ശേഖരിച്ച മാലിന്യം ക്ലീൻ കേരള കമ്പനിക്ക് നൽകുകയാണ് ചെയ്യുന്നത്.
തീരദേശ പരിപാലന നിയമം നിലനിന്നിരുന്ന പ്രദേശങ്ങളിൽ വീട് വെക്കുന്നതിൽ സാധാരണക്കാർക്ക് ഉണ്ടായിരുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ പഞ്ചായത്തിൻ്റെ നിരന്തര ഇടപെടലുകൾ സഹായിച്ചു. നേരത്തെ പൊക്കാളിപ്പാടത്തു നിന്ന് 50 മീറ്റർ അകലത്തിലാണ് വീട് വെക്കാൻ സാധിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ 50 മീറ്റർ അകലത്തിൽ വീട് വെക്കാൻ കഴിയുന്ന സാഹചര്യം അനുവദിച്ചു കിട്ടി.
ഏറ്റവും വലിയ വെല്ലുവിളി: വേലിയേറ്റ വെള്ളപ്പൊക്കം
പഞ്ചായത്ത് നേരിടുന്ന ഏറ്റവും വലിയ വിഷമത വേലിയേറ്റ വെള്ളപ്പൊക്കമാണ്. കഴിഞ്ഞ അഞ്ച് വർഷമായി ഈ വിഷയത്തിൽ നിരന്തരമായി പ്രവർത്തിക്കുന്നു. ഇതിന്റെ മുഴുവൻ പഠനങ്ങളും പൂർത്തിയാക്കി ഡ്രോൺ ഉപയോഗിച്ചുള്ള മാപ്പ് ഉൾപ്പെടെ എല്ലാം തയ്യാറാക്കിയിട്ടുണ്ട്.
വേലിയേറ്റ വെള്ളപ്പൊക്കത്തെ ഒരു ദുരന്തമായി പ്രഖ്യാപിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് സംസ്ഥാന ദുരന്ത നിവാരണ കമ്മീഷന് പരാതി നൽകിയിട്ടുണ്ട്. ഈ വിഷയത്തിനായി സ്പെഷ്യൽ ഗ്രാമസഭ നടത്തി പ്രമേയം പാസാക്കിയ കേരളത്തിലെ ആദ്യത്തെ ഗ്രാമപഞ്ചായത്താണ് ഏഴിക്കര.

