വരാപ്പുഴ : പഞ്ചായത്തിലെ നിലവിലെ ഭരണ സമിതിയുടെ കെടുകാര്യസ്ഥതക്കെതിരെ ശക്തമായി പ്രതികരിച്ച് പ്രതിപക്ഷം. 30 പതിറ്റാണ്ട് പിന്നിടുന്ന കോൺഗ്രസ് പഞ്ചായത്ത് ഭരണത്തിനെതിരെ പ്രതിപക്ഷത്തിന്റെ ജനകീയ കുറ്റപത്രം. എല്ലാ മേഖലകളിലും വൻ പരാജയമായിരുന്നു ഈ ഭരണ സമിതി എന്ന് പ്രതിപക്ഷം ആരോപിച്ചു.
മാർക്കറ്റ് ആധുനിക വൽക്കരണത്തിന് പദ്ധതി സമർപ്പിച്ചിട്ടും നടപ്പിലാക്കിയിട്ടില്ല. കൂടാതെ പഞ്ചായത്ത് മാർക്കറ്റിൽ മാലിന്യ സംസ്കരണ സംവിധാനവുമില്ല. വ്യാപാരികൾ നിർമിച്ചു നൽകിയ ശൗചാലയം പൂട്ടി കിടക്കുകയാണ്. കഴിഞ്ഞ 5 ബജറ്റിൽ ഉൾപ്പെടുത്തിയിട്ടും ഇതുവരെ പാർക്കിങ് സൗകര്യം ഒരുക്കിയിട്ടില്ല.
എൻ.എച്ച് 66 ന്റെ ഇരുവശത്തുമുള്ള വെള്ളക്കെട്ട് ഒഴിവാക്കാൻ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ജൽ ജീവൻ പദ്ധതി നടപ്പിലാക്കിയിട്ടും ജലക്ഷാമം പൂർണമായി പരിഹരിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ഫെറിയിലെ വാട്ടർ ടാങ്ക് ഇതുവരെ ഉപയോഗിച്ചിട്ടില്ല. ഒരു പൊതു ശ്മാശാനമോ കളിക്കളമോ പഞ്ചായത്തിന് സ്വന്തമായി ഇതുവരെയില്ല.
ഉദ്‌ഘാടനം കഴിഞ്ഞ് 10 വർഷം പിന്നിട്ടിട്ടും പഞ്ചായത്തിലെ എസ്.സി വിജ്ഞാന കേന്ദ്രം ഇതുവരെ തുറന്നിട്ടില്ല. പ്രാഥമിക സബ്‌സെന്റർ കെട്ടിടത്തിന് വേണ്ടി സർക്കാർ 50 ലക്ഷം രൂപ അനുവദിച്ചിട്ടും ഇതുവരെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ല. പഞ്ചായത്തിലെ 27 അങ്കണവാടികളിൽ 14 നും സ്വന്തമായി കെട്ടിടമില്ല.
കാർഷിക മേഖലയിലും മൽസ്യ ബന്ധന മേഖലയിലും വിദ്യാഭ്യാസ മേഖലയിലും എടുത്തു പറയാൻ കഴിയുന്ന യാതൊന്നും ചെയ്യാൻ നിലവിലെ ഭരണ സമിതിക്ക് കഴിഞ്ഞിട്ടില്ല. അത് കൊണ്ട് തന്നെ ഈ വർഷത്തെ തിരഞ്ഞെടുപ്പ് കടുക്കുമെന്നത് തീർച്ചയാണ്.

